ബേബി ടീച്ചറും അഷ്ടപദിയും പിന്നെ കുറെ ഓർമകളും


ഇതൊരു കുറിപ്പാണു. ഒരു ചെറിയ, എന്നാൽ ഓർക്കുമ്പോൾ ഇന്നും ഒരുപാട് മധുരമൂറുന്നൊരു ഭൂതകാലകുറിപ്പ്. പോയകാലം എന്ന് പറയുമ്പോൾ ഏകദേശം ഒരു എട്ടു പത്തു കൊല്ലം റീവൈൻഡ് ചെയ്യണം. നമ്മളന്നു ഒൻപതിലോ മറ്റോ പഠിക്യാണ്. ഇന്നത്തെപോലെ താടിയും മീശയും ഒന്നും വന്നിട്ടില്ലാത്ത, എന്റെ പരിണാമഘട്ടത്തിന് മുമ്പുള്ള സമയം.അത്യാവശ്യം പഠിത്തവും അല്പസ്വല്പം തല്ലുകൊള്ളിത്തരവും പിന്നെ മനസ്സിൽ ഒരുപാട് നിഷ്കളങ്കതയും പേറി നടക്കുന്ന ഞാൻ.
അങ്ങനെയിരിക്കെ ഉപജില്ലാ കലോത്സവം വന്നു. പൂച്ചക്കെന്തു പൊന്നുരുക്കുന്നിടത്തു കാര്യമെന്നു ചോയ്ക്കാൻ വരട്ടെ.നമ്മുടെ കയ്യിലും അത്യാവശ്യം കല ഉണ്ടായിരുന്നെന്നേ. നാടകം വിഭാഗത്തിൽ അഞ്ചു തൊട്ട് പത്തു വരെയും ഞങ്ങൾ കൂട്ടുകാരുടെ ടീമിന് പ്രൈസുണ്ടായിരുന്നു. പിന്നെ സംസ്കൃതം,മലയാളം കഥ കവിത രചനകളിൽ എനിക്ക് വല്ലതും തടയാറുമുണ്ട്‌. അപ്പോ അതിന്റെയൊക്കെ കനത്തിൽ നമ്മളിങ്ങനെ ഇരികുമ്പോളാണ് ഈ കലോത്സവത്തിന്റെ വരവ്.
എന് കിട്ടാവുന്നതിൽ വച്ചേറ്റവും മുട്ടൻ പണിയും കൊണ്ടായിരുന്നു ആ വരവ്. പണി വന്നത് എനിക്കേറ്റവും പ്രിയപ്പെട്ട ബേബി ടീച്ചറിന്റെ രൂപത്തിൽ നല്ല ചുവന്ന സാരിയും ചുറ്റിയാണ്. ബേബി ടീച്ചറെപ്പറ്റിയാണെങ്കിൽ ഒരു കുറിപ്പിനുള്ള ഓർമകളുണ്ട്. ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിന്റടുത് വീടുള്ള നമ്മുടെ ടീച്ചർ എനിക്ക് പ്രിയങ്കരിയായതിൽ കാരണങ്ങൾ ചുരുക്കി പറയാം.എന്റെ അമ്മയുടെ തറവാട്ടിൽ നിന്നായിരുന്നല്ലോ പഠിത്തം,അമ്മയുടെ അച്ഛൻ,പിന്നെ എന്റെ ‘അമ്മ,അമ്മയുടെ അനിയത്തി പിന്നെ 2 ആങ്ങളമാർ ഇവരൊക്കെ പഠിച്ചത് സംസ്കൃതമാണ്.ഇതിൽ അവസാന 4 പേരെ പഠിപ്പിച്ചത് ഈ സാക്ഷാൽ ബേബി ടീച്ചറും. അതോണ്ട് തന്നെ ടീച്ചർക് ആ ഒരു വാത്സല്യം എന്നോടുണ്ടായിരുന്നു. അങ്ങനെ ഞാനും പഠിച്ചു ദേവഭാഷ. ടീച്ചർക്ക് കുട്ട്യോൾ മക്കളായിരുന്നു.ഞങ്ങള്ക് ടീച്ചർ ഒരു അമ്മയോ ചങ്ങാതിയോ ഒക്കെ ആയിരുന്നു താനും.
8 ടു 10 ക്ലാസുകൾ ആണ് മൂപ്പത്തിയുടെ കളരി. ടീച്ചർടെ റിട്ടയേർഡ് കാലത്തിനു അവസാന ഇതളുകൾ ബാക്കി നില്കേയാന് ഞാൻ ആ ക്ലാസ്സുകളിലെത്തിയെ. എപ്പോളും നല്ല എടുത്തു കാണിക്കുന്ന നിറമുള്ള സാരികളെ ഉടുക്കു. മനസിലെ സ്നേഹം പോലെ തന്നെ നല്ല തടിയുള്ള ശരീരപ്രകൃതം, നമ്മുടെ പഴയ നടി കാർത്തികയെപ്പോലെ വട്ടപ്പൊട്ടുകളെ വയ്ക്കൂ. ടീച്ചർടെ മുഖത്തു എപ്പോളും ഒരു കുസൃതിച്ചിരി കാണും,ക്ലാസ്സിനിടയിൽ നമ്മുടെ കണ്ണെങ്ങാനും അപ്പുറത്തെ ബെഞ്ചുകളിലെ ഗോപികമാർക് നേരെ നീങ്ങിയാൽ ടീച്ചർടെ കള്ളക്കണ്ണുകളത് തൊണ്ടിയോടെ പിടിക്കും.പോരാത്തതിന് അപ്പോളെടുക്കുന്ന പാഠവുമായി റിലേറ്റ ചെയ്ത് കളിയാക്കും. ചുരുക്കം പറഞ്ഞാൽ ഡയറക്റ്റ് പറയാതെ തന്നെ നാട്ടിൽ പാട്ടാവും ദേ ലിവൻ ദാണ്ടെ ലവളെ നോക്കി ഇരിക്യാർന്നൂന്ന്. ന്റെ കയ്യിലിരിപ്പ് കൊണ്ട് ഞാൻ മിക്ക ദിവസവും ഈ ലിവൻ ആകാറുണ്ടായിരുന്നു. ടീച്ചർ ക്ലാസ്സെടുക്കുമ്പോൾ ആ വെളുത്ത വലിയ മുഖത്തു പുരാണത്തിലെ കൃഷ്ണനും,രാമനും സീതയുമൊക്കെ മാറി മറയും.
ഏറ്റവും രസകരമാർന്നൂ സംസ്കൃതം ക്ലാസുകൾ. ഇങ്ങനെയിരിക്കെ ഒരു നാൾ ടീച്ചർ കയറി വന്ന്‌ ഞങ്ങളെ ഇങ്ങനെ നോക്കുവ, എന്നിട്ടു പറഞ്ഞു ഒരു പ്രശ്നമുണ്ടല്ലോന്ന്. പ്രശ്നമിതാണ്, ചെർപ്ലശ്ശേരി ഉപജില്ലാ കലോത്സവത്തിനു അഷ്ടപദി പാടാൻ ആളില്ലാ. ഒരു ഗായകനെ വേണം. ആ പരിതാപകരമായ അവസ്ഥയിൽ പങ്കുകൊള്ളാനെന്നവണ്ണം ഞങ്ങൾ തല ബെഞ്ചിലേക്ക് ഒട്ടകപക്ഷിയെപോലെ പൂഴ്ത്തിയങ്ങനെ കിടന്നു ഗോപികമാരെ കണ്ണെറിഞ്ഞു. ഗീതയുടെ സമയത്തു കൃഷ്ണൻ അര്ജുനനെയെന്ന പോലെ ടീച്ചർ വന്നെന്നെ എണീപ്പിച്ചു. എന്നിട്ടു വളരെ ധീരമായി ഈരേഴു പതിനാലു ലോകവും കേൾക്കുമാറുച്ചത്തിൽ പ്രവചിച്ചു, പേടിക്കേണ്ട ജിത്തു നീ പാടിയാൽ മതി. ദ്രോഹികളായ ക്ലാസ്സ്‌മേറ്റുകൾ അത് ശരിവച്ചു. അവറ്റയൊക്കെ തോറ്റു തുലയട്ടെ. ക്ലാസ്സൊക്കെയിങ്ങനെ നീയാണ് നുമ്മ പറഞ്ഞ നടൻ എന്ന ഭാവത്തിൽ നോക്കുവാണ്. പറ്റില്ല എന്ന് മൊഴിഞ്ഞാൽ നമ്മുടെ ഇമേജ് ഇടിയും, പറ്റുമെന്നു പറഞ്ഞാലോ പണി പാലുംവെള്ളത്തിലും. വെള്ളിയാഴ്ച്ചകളിലെ നീണ്ട ലഞ്ച്ബ്രേക്കുകൾ ആനന്ദകരമാക്കാൻ നെഞ്ചിനുള്ളിൽ നീയാണ് ഫാത്തിമാ എന്നൊക്കെയലറിപ്പാടുമ്പോൾ ടീച്ചറെ അദിതിയായി വിളിക്കാറുള്ളതിലെ അബദ്ധം എനിക്കപ്പോളാണ് തിരിഞ്ഞത്. മനൂനെപ്പോലെ ഓണത്തിനും വിഷൂനും കലോത്സവത്തിനുമൊക്കെ വൈലോപ്പിള്ളിടെ മാമ്പഴം മോണോആക്റ്റും കളിച്ചു നടന്നാൽ മതിയാർന്നൂ. അവസാന ആയുധമെന്നോണം ഞാൻ പറഞ്ഞു, അഷ്ടപദിയൊക്കെ പാടണേൽ ക്ലാസ്സിക്കൽ മ്യൂസിക് അറിയണം എനിക്കാ അറിവിലല്ലോ. ഇങ്ങനെ പറഞ്ഞു ഞാൻ അമരത്തിലെ അശോകനെപോലെ മുടിയിഴ മുമ്പിലേക്കിട്ട് ങ്ങ്ഹ എന്നൊരു ചിരിയും പാസ്സാക്കി. കള്ളച്ചിരി മായാതെ ടീച്ചർ പറഞ്ഞു സാരല്യ കുട്ടാ അതൊക്കെ ശ്രീനിവാസൻ മാഷ് പഠിപ്പിക്കും. ഓ ആയ്കോട്ടെന്നും പറഞ്ഞു അർജുനൻ ബെഞ്ചിലേക്കമർന്നു. ചുറ്റും നോക്കിയപ്പോൾ ചില ഗോപികാരുടെ മുഖത്തു തെല്ലാരാധനയൊക്കെ ഉണ്ട്. അപ്പോ ഒരു ധൈര്യമൊക്കെ വന്നു, ജയ് ജവാൻ. പിററaaേന്ന്‌ തൊട്ടു ഗ്രൗണ്ടിന് പടിഞ്ഞാറുവശത്തെ ഒങ്ങിൻചോട്ടിൽ ശ്രീനി മാഷ് വക ശാസ്ത്രീയസംഗീതപഠനം. കഥ, തിരക്കഥ,സംവിധാനം ശ്രീനിവാസൻ. നടൻ, ഗായകൻ അഥവാ ഇര ഈയുള്ളവൻ. ദോഷം പറയരുതല്ലോ, മാഷ് വളരെ ആത്മാർത്ഥതയോടെ പഠിപ്പിച്ചു. യേശുദാസിനെയും കുമാർ സാനുവിനെയുമൊക്കെ മനസ്സിൽ ധ്യാനിച്ച് ഞാനും ശ്രമിച്ചു. ഹിസ്‌ഹൈനസ് അബ്ദുള്ളയിലെ ലാലേട്ടനെപോലെ തു ബഡി മാഷാ അല്ലാഹ് ലെവലിൽ ഞാനെന്നെത്തന്നെ സ്വപ്നം കണ്ടു. പക്ഷെ എന്റെ സാ യും രീ യും ഒക്കെ കേട്ട് ഓങ്ങുമരത്തിന്റെ മോളിലെ കൊറ്റിയും കാക്കയും അയൽരാജ്യത്തേക്ക് പറന്നു രക്ഷപെട്ടെന്നു ചിലർ പറഞ്ഞു പരത്തി. ഒരു കലാകാരന്റെ വഴികൾ കല്ലും മുള്ളും നിറഞ്ഞതാണെന്ന് ഞാൻ സ്വയം ആശ്വസിച്ചു. അങ്ങനെ പഠനം മുറയ്ക്ക് നടന്നു, ഈ അഷ്ടപദി മൊത്തം സംസ്കൃതത്തിലായതോണ്ട് പഠിക്കാൻ നന്നേ പാടുപെട്ടു. അങ്ങനെ ഉപജില്ലാ കലോത്സവം വന്നെത്തി.
രംഗം ചെർപ്ലശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ, വേദി സംസ്കൃതവിഭാഗം. നമ്മളിങ്ങനെ കസവുമുണ്ടുടുത് ഒരു പട്ടോക്കെ പുതച്ചു നില്കുന്നു. ചന്ദനക്കുറി പിന്നെ അന്നൊക്കെ നെറ്റിയിൽ സ്ഥിരം കാണും. പിന്നെ ബേബി ടീച്ചറും കൂട്ടുകാരൻ അജയ്ശങ്കറും കുറെ സ്വർണമാലകളൊക്കെ അണിയിച്ചു. പക്ഷെ കൊട്ടിപ്പാടാൻ ഇടയ്ക്ക കിട്ടിയില്ല, പകരം താളം ആണ് കിട്ടിയേ. അങ്ങനെ എന്റെ ചെസ്റ്നമ്പർ വന്നു. ഒരു തെച്ചിക്കോടന്റെ എടുപ്പോടെ ഞാൻ സ്റ്റേജിൽ കേറി. ദേവാസുരത്തിലെ ഒടുവിൽ ഉണ്ണികൃഷ്ണന്റെ പെരിങ്ങോടനെ മനസ്സിൽ കാൽ തൊട്ടു വണങ്ങി. പിന്നെ സദസിനെ ചുമ്മാ ഒരു കാര്യവുമില്ലാതെ ഒന്നു നോക്കി. അപ്പോൾ ദേ ലവൾ മുമ്പിൽ തന്നിരിപ്പുണ്ട്. ഞാൻ മൊത്തമങ്ങു ഫ്രീസ് ആയി. തൃശൂർ ലയൺ ക്ലബ്ബിന്റെ പ്രസിഡന്റ് ഇലക്ഷന് സ്റ്റേജിൽ കയറി പൂരങ്ങളുടെ പൂരമായ എന്ന് പറഞ്ഞു അലമ്പാക്കിയ പ്രാഞ്ചിയേട്ടനുമായി കമ്പയർ ചെയ്യാൻ അന്ന് രഞ്ജിത്ത് ആ പടമിറകീട്ടില്ല. പിനൊന്നും നോക്കീല്ല, കണ്ണ് രണ്ടുമങ്ങു ഇറുക്കിയടച്ചു അങ്ങ് പാടി. പലപ്പോളും പാടിയ വരികൾ തന്നെ പാടി. ബേബി ടീച്ചറുടെ പ്രാർത്ഥന കൊണ്ടാവണം താളം കൈവിട്ടില്ല. പാട്ടു കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ അവൾ അപ്പോളും നേരിയ ചിരിയും പുതച്ചു ഇരിപ്പുണ്ട്. തിരിച്ചിറങ്ങി ടീച്ചർടെ അടുത്തേക് പോയി, ചീത്ത പറയുമെന്ന കരുതിയെ. പക്ഷെ എന്നെ അമ്പരപ്പിച്ചോണ്ടു ഒരു കുസൃതിച്ചിരിയോടെ നന്നായെന്ന് പറഞ്ഞു. എനിക്ക് ശേഷം പാടിയ പെരിങ്ങോടന്മാർ എന്നെക്കാൾ മോശമായതോണ്ടാവണം എനിക്ക് സെക്കൻഡ് ബി ഗ്രേഡ് കിട്ടി. പിന്നെ അക്കൊല്ലത്തെ ഉപജില്ലാ കലോത്സവ ചാംപ്യൻഷിപ് ഞങ്ങടെ കടമ്പഴിപ്പുറം സ്കൂളിനായിരുന്നു. എൻന്റെ പത്താം ക്ലാസ്സു കഴിഞ്ഞു ടീച്ചർ റിട്ടയേർഡ് ആയി. ടീച്ചറുടെ കോണ്ടാക്ട് നമ്പർ കിട്ടാൻ പലവഴിയിലും ശ്രമിച്ചു. പിന്നെ ഒരിക്കൽ കേട്ടു മകനോടൊപ്പം യു.എസ്‌ ലാണെന്നു. ഇപ്പോൾ ഒരു വിവരവുമില്ല.

Advertisements

Published by

Jithin Rajan

My waste basket..!!!

6 thoughts on “ബേബി ടീച്ചറും അഷ്ടപദിയും പിന്നെ കുറെ ഓർമകളും”

 1. Theerchayayum….. innum …orkunnu … teacher….. jagal…. a kalam… oru… vasanthakalam thanne thanna teachareyummmmm

  Like

  1. Teacherde number veno? Nangal eeyide 1990 10th batchinte reunion nadathiyirunnu. Teacher was there with us in that function. We all enjoyed.

   Like

 2. Valare nannayittund. Teacherde number veno? Nangal eeyide 1990 10th batchinte reunion nadathiyirunnu. Teacher was there with us in that function. We all enjoyed.

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s